Tuesday, July 1, 2014

പ്രൈമേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍

ഇവന്‍ വന്നത് കുടുംബക്ഷേത്രത്തിലെ ഉത്സവം നടത്താനല്ല;
ഉപേക്ഷിച്ചുപോയവരെ തിരികെ ഏല്‍പ്പിക്കാനല്ല;
ഭീഷണിപ്പെടുത്തി സ്വത്ത്‌ തട്ടിയെടുക്കുന്നവരെ നേരിടാനോ , 
തീവ്രവാദികളെക്കൊണ്ട് മലയാളം പറയിപ്പിച്ചു 'വന്ദേമാതരം' വിളിപ്പിക്കാനുമല്ല...!!
പിന്നെ എന്തിന്..?
ലോകത്തെ രക്ഷിക്കാന്‍...
കാലങ്ങളായി ന്യൂയോര്‍ക്ക്‌ നഗരത്തെ ആക്രമിക്കുന്ന 
ദുഷ്ടശക്തികളെ തുരത്താന്‍..
ചൈനീസ് ലുക്കുള്ള ഭീകരഅന്യഗ്രഹജീവികളെ തുരത്താന്‍...

അതെ അവര്‍ പോരാടുന്നു, നമ്മുക്ക് വേണ്ടി,
നമ്മുടെ ലോകത്തിന് വേണ്ടി
ലോകസമാധാനത്തിന് വേണ്ടി...!!!

ഏവര്‍ക്കും AKOPFA യിലേക്ക് സ്വാഗതം...
ALL  KERALA  OPTIMUS  PRIME  FANS  ASSOCIATIONഅംഗത്വം
AKOPFAയിലെ അംഗത്വം തികച്ചും സൗജന്യമാണ്‌.
TRANSFORMERS എന്ന സിനിമയുടെ ട്രെയിലര്‍ എങ്കിലും കണ്ടിരിക്കണം എന്നതാണ് യോഗ്യത.
സംസ്കാരവും, വിദ്യഭ്യാസവും കുറഞ്ഞവര്‍ക്ക് മുന്‍ഗണന.
പേരില്‍ ALL KERALA ഉണ്ടെങ്കിലും അസോസിയേഷന് 
INTERNATIONAL VALIDITY ഉണ്ട്.
ലോകത്ത് എവിടെപോയാലും സ്വന്തമായി ടിക്കെറ്റ് എടുത്തു
സിനിമ കാണാന്‍ അവസരമുണ്ട്.

നിബന്ധനകള്‍
സിനിമക്ക് മുന്‍പ് അമേരിക്കയുടെ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം.
അമേരിക്കന്‍ സമയം അനുസരിച്ചേ ഫ്ലക്സ് കെട്ടാവൂ എന്നുള്ളതിനാല്‍
പകല്‍ സമയത്ത് കെട്ടേണ്ടിവരും.
ഫ്ലക്സ് അടിക്കാനുള്ള കാശും, പ്രിന്‍റ് എടുക്കാനുള്ള ചിത്രവും
സെക്രട്ടറി എല്ലാവര്‍ക്കും മെയില്‍ ചെയ്തുതരും.
പറ്റുമെങ്കില്‍ മിക്ക കവലകളിലും ഫ്ലക്സ് വയ്ക്കണം.
ആവശ്യക്കാര്‍ക്ക് സ്വന്തം പേരും ഫോട്ടോയും ചേര്‍ക്കാം.
അസോസിയേഷനില്‍ സ്ത്രീകള്‍ ചേരുന്നത് നിഷിദ്ധമാണ്.
ഫാന്‍സ്‌ ഷോക്ക് ഒരു കാരണവശാലും സ്ത്രീകളെ കയറ്റരുത്.
കീറി എറിയാനുള്ള പേപ്പര്‍ ആ ദിവസത്തെ തന്നെയാകണം.
പേപ്പര്‍ കൊണ്ടുവരാത്തവര്‍ കാശുകൊടുത്ത് വാങ്ങിക്കണം.
ഒരു കാരണവശാലും പേപ്പര്‍ വായിക്കരുത്.
ഫേസ്ബുക്കില്‍  പ്രൈമേട്ടനെ  കുറ്റം പറയുന്നവന്മാരുടെ തള്ളക്കും തന്തക്കും വിളിക്കണം. പറ്റുമെങ്കില്‍ ഭീഷണിപ്പെടുത്തുകയും ആവാം.
താങ്ക്സ് കാര്‍ഡില്‍ സ്പൈഡര്‍ മാനെയോ ബാറ്റ് മാനെയോ പരാമര്‍ശിച്ചാല്‍ നിര്‍ത്താതെ കൂവണം.
പ്രൈമേട്ടന്‍ ഓരോ ഡയലോഗ് പറയുമ്പോഴും ജയ്‌ വിളിക്കണം.
വില്ലനെ നിര്‍ത്താതെ തെറിവിളിക്കണം.
സിനിമക്ക് കേറുന്നതിനു മുന്‍പേ FACEBOOK സ്റ്റാറ്റസ് തയ്യാറാക്കിയിരിക്കണം.
നടിയുടെ വയറോ വയറിന്‍റെ ഏതെങ്കിലും ഒരു ഭാഗമോ
സ്ക്രീനില്‍ കണ്ടാല്‍ പ്രത്യേകതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കണം.
ശിങ്കാരിമേളം ഒഴിവാക്കുക, കാരണം പ്രൈമേട്ടന്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. പറ്റുമെങ്കില്‍ കോളേജില്‍ നിന്നും
വെസ്റ്റേണ്‍ ടീമിനെ കൊണ്ടുവന്ന് പാട്ട് പാടിക്കുക.
പടക്കം പൊട്ടിക്കുമ്പോള്‍ ഗുണ്ട് വയ്ക്കാന്‍ മറക്കരുത്.ഈ വരുന്ന പ്രൈമേട്ടന്‍റെ ജന്മദിനത്തിന് എല്ലാ തീയെട്ടറിനു മുന്നിലും  FREE OIL CHECKUP വയ്ക്കേണ്ടതാണ്.
അടുത്ത പ്രൈമേട്ടന്‍ പടത്തില്‍ AKOPFAയെ AKOPFWA ആക്കാന്‍ എല്ലാവരും വെല്‍ഫെയര്‍ ആയി സഹകരിക്കുക.
ALL  KERALA OPTIMUS PRIME FANS & WELFARE ASSOCIATION 

1 comment:

SwaroOp BigbOy said...

Ho Oralpum kadannu poi :D