Tuesday, July 1, 2014

പ്രൈമേട്ടന്‍ ഫാന്‍സ്‌ അസോസിയേഷന്‍

ഇവന്‍ വന്നത് കുടുംബക്ഷേത്രത്തിലെ ഉത്സവം നടത്താനല്ല;
ഉപേക്ഷിച്ചുപോയവരെ തിരികെ ഏല്‍പ്പിക്കാനല്ല;
ഭീഷണിപ്പെടുത്തി സ്വത്ത്‌ തട്ടിയെടുക്കുന്നവരെ നേരിടാനോ , 
തീവ്രവാദികളെക്കൊണ്ട് മലയാളം പറയിപ്പിച്ചു 'വന്ദേമാതരം' വിളിപ്പിക്കാനുമല്ല...!!
പിന്നെ എന്തിന്..?
ലോകത്തെ രക്ഷിക്കാന്‍...
കാലങ്ങളായി ന്യൂയോര്‍ക്ക്‌ നഗരത്തെ ആക്രമിക്കുന്ന 
ദുഷ്ടശക്തികളെ തുരത്താന്‍..
ചൈനീസ് ലുക്കുള്ള ഭീകരഅന്യഗ്രഹജീവികളെ തുരത്താന്‍...

അതെ അവര്‍ പോരാടുന്നു, നമ്മുക്ക് വേണ്ടി,
നമ്മുടെ ലോകത്തിന് വേണ്ടി
ലോകസമാധാനത്തിന് വേണ്ടി...!!!

ഏവര്‍ക്കും AKOPFA യിലേക്ക് സ്വാഗതം...
ALL  KERALA  OPTIMUS  PRIME  FANS  ASSOCIATIONഅംഗത്വം
AKOPFAയിലെ അംഗത്വം തികച്ചും സൗജന്യമാണ്‌.
TRANSFORMERS എന്ന സിനിമയുടെ ട്രെയിലര്‍ എങ്കിലും കണ്ടിരിക്കണം എന്നതാണ് യോഗ്യത.
സംസ്കാരവും, വിദ്യഭ്യാസവും കുറഞ്ഞവര്‍ക്ക് മുന്‍ഗണന.
പേരില്‍ ALL KERALA ഉണ്ടെങ്കിലും അസോസിയേഷന് 
INTERNATIONAL VALIDITY ഉണ്ട്.
ലോകത്ത് എവിടെപോയാലും സ്വന്തമായി ടിക്കെറ്റ് എടുത്തു
സിനിമ കാണാന്‍ അവസരമുണ്ട്.

നിബന്ധനകള്‍
സിനിമക്ക് മുന്‍പ് അമേരിക്കയുടെ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം.
അമേരിക്കന്‍ സമയം അനുസരിച്ചേ ഫ്ലക്സ് കെട്ടാവൂ എന്നുള്ളതിനാല്‍
പകല്‍ സമയത്ത് കെട്ടേണ്ടിവരും.
ഫ്ലക്സ് അടിക്കാനുള്ള കാശും, പ്രിന്‍റ് എടുക്കാനുള്ള ചിത്രവും
സെക്രട്ടറി എല്ലാവര്‍ക്കും മെയില്‍ ചെയ്തുതരും.
പറ്റുമെങ്കില്‍ മിക്ക കവലകളിലും ഫ്ലക്സ് വയ്ക്കണം.
ആവശ്യക്കാര്‍ക്ക് സ്വന്തം പേരും ഫോട്ടോയും ചേര്‍ക്കാം.
അസോസിയേഷനില്‍ സ്ത്രീകള്‍ ചേരുന്നത് നിഷിദ്ധമാണ്.
ഫാന്‍സ്‌ ഷോക്ക് ഒരു കാരണവശാലും സ്ത്രീകളെ കയറ്റരുത്.
കീറി എറിയാനുള്ള പേപ്പര്‍ ആ ദിവസത്തെ തന്നെയാകണം.
പേപ്പര്‍ കൊണ്ടുവരാത്തവര്‍ കാശുകൊടുത്ത് വാങ്ങിക്കണം.
ഒരു കാരണവശാലും പേപ്പര്‍ വായിക്കരുത്.
ഫേസ്ബുക്കില്‍  പ്രൈമേട്ടനെ  കുറ്റം പറയുന്നവന്മാരുടെ തള്ളക്കും തന്തക്കും വിളിക്കണം. പറ്റുമെങ്കില്‍ ഭീഷണിപ്പെടുത്തുകയും ആവാം.
താങ്ക്സ് കാര്‍ഡില്‍ സ്പൈഡര്‍ മാനെയോ ബാറ്റ് മാനെയോ പരാമര്‍ശിച്ചാല്‍ നിര്‍ത്താതെ കൂവണം.
പ്രൈമേട്ടന്‍ ഓരോ ഡയലോഗ് പറയുമ്പോഴും ജയ്‌ വിളിക്കണം.
വില്ലനെ നിര്‍ത്താതെ തെറിവിളിക്കണം.
സിനിമക്ക് കേറുന്നതിനു മുന്‍പേ FACEBOOK സ്റ്റാറ്റസ് തയ്യാറാക്കിയിരിക്കണം.
നടിയുടെ വയറോ വയറിന്‍റെ ഏതെങ്കിലും ഒരു ഭാഗമോ
സ്ക്രീനില്‍ കണ്ടാല്‍ പ്രത്യേകതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കണം.
ശിങ്കാരിമേളം ഒഴിവാക്കുക, കാരണം പ്രൈമേട്ടന്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. പറ്റുമെങ്കില്‍ കോളേജില്‍ നിന്നും
വെസ്റ്റേണ്‍ ടീമിനെ കൊണ്ടുവന്ന് പാട്ട് പാടിക്കുക.
പടക്കം പൊട്ടിക്കുമ്പോള്‍ ഗുണ്ട് വയ്ക്കാന്‍ മറക്കരുത്.ഈ വരുന്ന പ്രൈമേട്ടന്‍റെ ജന്മദിനത്തിന് എല്ലാ തീയെട്ടറിനു മുന്നിലും  FREE OIL CHECKUP വയ്ക്കേണ്ടതാണ്.
അടുത്ത പ്രൈമേട്ടന്‍ പടത്തില്‍ AKOPFAയെ AKOPFWA ആക്കാന്‍ എല്ലാവരും വെല്‍ഫെയര്‍ ആയി സഹകരിക്കുക.
ALL  KERALA OPTIMUS PRIME FANS & WELFARE ASSOCIATION 

Thursday, June 26, 2014

കാവ്യലഹരി

രാജു നാരായണത്ര

(3)

ജൂണ്‍ 26
ലഹരിദിനമാണ്
എനിക്കെല്ലാറ്റിനോടും
ലഹരിയാണ്
മഴയോട്, കാറ്റിനോട്
പ്രകൃതിയോട്, പുഴയോട്,
മണ്ണിനോട്, പൂവിനോട്, 
പെണ്ണിനോട്, നിലാവിനോട്,
ഈ പ്രബഞ്ചത്തോട്
ഞാന്‍ കണ്ടിട്ടില്ലാത്ത
ഞാന്‍ കേട്ടിട്ടില്ലാത്ത
എല്ലാറ്റിനോടും ലഹരിയാണ്
എന്നിട്ടും 
ഉന്മൂലനാശം വിതക്കുന്ന
മദ്യമെന്‍റെ സിരകളിലേക്ക്
ഒഴിച്ചുതരുന്ന
ചൂതാട്ടക്കാരനോട്
എനിക്ക് പകയില്ലാത്തത്
എന്തുകൊണ്ടാണ്
ലഹരിവിരുദ്ധ ദിനങ്ങളില്‍ 
ശപഥമെടുക്കുന്ന ചങ്കില്‍
കൊളുത്തി പിടിച്ചിരിക്കുന്ന
അധികാരത്തിന്‍റെ ഭൂതം
എന്തിനുള്ള നികുതിയാണ്
ഒരു ചെറു ബീഡിയില്‍
നിന്നും ഈടാക്കിയത്
എന്‍റെ മരണത്തിന്
ചുമത്തപ്പെട്ട നികുതി
ചിതകത്താനുള്ള
തീപ്പെട്ടിയില്‍ നിന്നെങ്കിലും
ഒഴിവാക്കിയിരുന്നെങ്കില്‍.

പത്തുകവിതകളില്‍ ഒന്നാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.
ലഹരി വിരുദ്ധദിനത്തില്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍ വച്ച് രാജു നാരായണത്ര രചിച്ച പത്ത് ചെറുകവിതകളുടെ പുസ്തകം   T.N JOY  (പൊതുപ്രവര്‍ത്തകന്‍) RAMSEENA ക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു.  സമകാലീനസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ പത്തു കവിതകള്‍ ഇദ്ദേഹം മൂന്നുമണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി പുസ്തകരൂപത്തില്‍ പ്രിന്‍റ് ചെയ്തു സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തു.രാജു നാരായണത്ര
ജൂണ്‍ 26 - തൃശ്ശൂര്‍
MOB: 8943683213 

ടോള്‍ ഫ്രീ റോഡ്‌തൃശൂര്‍/പാലിയേക്കര: ടോള്‍ ബൂത്തിലൂടെ കയറാതെ പോകാം...!!
തൃശ്ശൂരില്‍ നിന്നും വരുമ്പോള്‍ തലോര്‍ ജങ്ക്ഷനില്‍ വച്ച് വലത്തേക്ക് തിരിയുക, എന്നിട്ട് ഏറവക്കാട് വഴി ടോള്‍ബൂത്തിനും ആമ്പല്ലൂര്‍ ജങ്ക്ഷനും ഇടയിലുള്ള പാലത്തില്‍ വന്നു കയറുന്നു. 
എന്നിട്ട് u turn എടുത്തിട്ട് വേണം ഏറണാകുളം ഭാഗത്തേക്ക്‌ പോകാന്‍...., 

EXACTLY 4.5KM (through tollbooth 2.1km)
TOLL RATE 50/- (SINGLE SIDE) 50RS=750ml 
750ml പെട്രോള്‍ അടിച്ചാല്‍ 10km മിനിമം പോകില്ലേ..? (avg mileage 15km) 

അതയത്..അമ്പതു രൂപക്ക് ഉള്ള പെട്രോള്‍ വണ്ടിയില്‍ കിടക്കും...!!!
ഈ റോഡില്‍ ടോള്‍ പിരിവു ഇല്ലാത്തതു കൊണ്ട് ഈ റോഡില്‍ 2km കുണ്ടും കുഴികളും നിറഞ്ഞതാണ്‌.., പഞ്ചായത്ത് റോഡ്‌ അല്ലെ..? എന്നെങ്കിലും ടാര്‍ ചെയ്യും..


ഇനിയിപ്പോള്‍ പെട്ടന്ന് തന്നെ പോകണം എന്നുണ്ടെങ്കില്‍ ടോള്‍ കമ്പിനിക്ക് നഷ്ട്ടം വരുന്നു എന്ന പേരും പറഞ്ഞു 
അടച്ചുപൂട്ടിയ ഒരു റോഡ്‌ സമാന്തരമായിട്ടുണ്ട്. 
അത് ചെറുതായി തുറന്നിട്ടുണ്ട്. അതിലൂടെ സ്വിഫ്റ്റ് കാര്‍,ടാറ്റാ എയ്സ് തുടങ്ങിയ വാഹനങ്ങള്‍ വരെ കടന്നുപോകും. 
അതായത് 1650mm width ഉള്ള വാഹനങ്ങള്‍  തിരക്ക് പിടിക്കാതെ
 സൂക്ഷിച്ചു ഓടിച്ചാല്‍ കടന്നുപോകാം. 
ഇതിലൂടെ മാരുതി ആള്‍ട്ടോ കാര്‍ വേണമെങ്കില്‍ കണ്ണടച്ച് ഓടിക്കാം. 
ഒരേ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി, ഹൈവേയില്‍ നിന്നും ഇറങ്ങി വരുന്നവയെ ആദ്യം കടത്തിവിട്ടിട്ട് മാത്രമേ നിങ്ങള്‍ കേറാവൂ...
അല്പം മാന്യതയൊക്കെ ആവാം.
അതുമാത്രമല്ല, 95രൂപ കൊടുതുവരുന്നവന് നമ്മളോട് ഒരു പുച്ഛം തോന്നിയേക്കാം, 
കണ്ട്രി ഫെല്ലോസ് എന്നും പറഞ്ഞു അവന്‍ ഹോണും അടിച്ചു ലൈറ്റും ഇട്ടു കാണിക്കും.

Wednesday, June 25, 2014

COLUMBIAയിലേക്കുള്ള ദൂരം


RIO DI JENIRO / THRISSUR : ഭൂഗണ്ഡങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ഫുട്ബോള്‍ ആരാധകന്‍ ലോകത്തിനു മാതൃകയായി. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ നിന്നും അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെക്കുള്ള പതിനായിരകണക്കിന് മൈലുകളാണ് വെറും സെക്കണ്ടുകള്‍ കൊണ്ട് കടന്നു ചരിത്രം സൃഷ്ട്ടിച്ചത്. പുലര്‍ച്ചെ നടന്ന ഐവറികോസ്റ്റ്-ഗ്രീസ് മത്സരത്തില്‍ ആവേശപൂര്‍വ്വം കളികണ്ട് കൊണ്ടിരിക്കുകയായിരുന്ന ഏഷ്യയിലെ ഏക അംഗീകൃതഐവറികോസ്റ്റ് ആരാധകന്‍ അരുണ്‍ജോര്‍ജ് കെ ഡേവിഡ് ടീമിന്‍റെ പരാജയത്തെ തുടര്‍ന്ന് കൊളംബിയിലേക്ക് എത്തിയത്. മത്സരം നടന്ന ഗ്രൗണ്ടില്‍ നിന്നും ടീമംഗങ്ങള്‍ കേറിയിട്ടുപോലും ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഏഷ്യയിലെ തന്നെ അനധികൃത കൊളംബിയന്‍ ആരാധകന്‍ സിജോ ഇദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ കുറ്റൂരിലെ കൊളംബിയയുടെ ഫ്ലക്സ് ബോര്‍ഡിന് കീഴില്‍ വച്ചായിരുന്നു സ്വീകരണം. ഇങ്ങനെ പോയാല്‍ ഇദ്ദേഹം പിന്തുണയ്ക്കുന്ന ടീം കപ്പെടുക്കും എന്ന് കൊളംബിയന്‍ ആരാധകന്‍ ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.

 അമ്പത് കൊല്ലം മുന്‍പ് കളിച്ചിരുന്ന കൊളംബിയന്‍ ഫുട്ബോള്‍ ഇതിഹാസം 'ഹിഗ്വിറ്റ' യുടെ ഗോള്‍ ഏതോ മൊബൈല്‍ വീഡിയോ ക്ലിപ്പില്‍ കണ്ടതിന് ശേഷമാണ് താന്‍ കൊളംബിയന്‍ ആരാധകനായെന്ന് സിജോ പറഞ്ഞു. നാട്ടിലെ പലരും മഞ്ഞ ജേഴ്സിയണിഞ്ഞവരുടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടപ്പോള്‍ ബ്രസീലിന്‍റെതാണെന്ന് തെറ്റി ധരിച്ചിരുന്നു. അര്‍ജന്റീനയും ബ്രസീലും ഒഴികെ ലോകകപ്പ് കളിക്കുന്ന ബാക്കി മുപ്പതു ടീമുകളെ കുറിച്ച് ഒരു പിണ്ണാക്കും അറിയാത്തവരാണ് ഇപ്പോള്‍ വലിയ ഫുട്ബോള്‍ ആരാധകര്‍ എന്ന് പറഞ്ഞു നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങള്‍ ബൂര്‍ഷ്വാ ടീമുകലെ പിന്തുണക്കില്ലെന്ന് കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിലെ ഈ രണ്ടുപേരും പ്രഖ്യാപിച്ചിരുന്നു.
സ്ഥലത്ത് വച്ചിരുന്ന ഇംഗ്ലണ്ട് ഫ്ലക്സില്‍ സ്വന്തം ഫോട്ടോ കേറ്റിയ ഒരു ഇംഗ്ലണ്ട് ആരാധകനും കളിക്കാണാന്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.  ഇംഗ്ലണ്ട് ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇരുട്ടിന്‍റെ മറവില്‍ ആരോ ഫ്ലക്സില്‍ 'റീത്ത്' വച്ചത് വിവാദമായിട്ടുണ്ട്.
കഴിഞ്ഞ കൊളംബിയ-ഐവറികോസ്റ്റ് മത്സരത്തില്‍ കൊളംബിയയുടെ വിജയം 'ക്യാപ്' പൊട്ടിച്ച് ആഘോഷിച്ചപ്പോഴേ ഇദ്ദേഹം കളം മാറി ചവിട്ടാന്‍ സാധ്യത തെളിഞ്ഞിരുന്നെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു. കളികാണുന്ന കണ്ട്രി ഇന്ത്യന്‍ ആരാധകര്‍ വരെ ആഫ്രിക്കന്‍ കളിക്കാരെ വംശീയമായും നിറത്തിന്‍റെ പേരിലും അധിക്ഷേപിച്ചിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഇങ്ങു കുഞ്ഞുകേരളത്തില്‍ ടിവിയില്‍ കാണുന്ന ഇവനൊക്കെ ഇങ്ങനെയായാല്‍ കളി നിയന്ത്രിക്കുന്ന റഫറി പിന്നെ എങ്ങനെയാകും എന്ന് ഇദ്ദേഹം ചോദിച്ചു. ജപ്പാനോട് പരാജയപ്പെട്ട പെനാല്‍റ്റി അതിനു ഉത്തമഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവം കൊളംബിയന്‍ വൃത്തങ്ങള്‍ തള്ളികളഞ്ഞു. സിജോ ടീമിന്‍റെ അനധികൃത ആരാധകനാണ് എന്ന് അവര്‍ അറിയിച്ചു.
അനധികൃത കൊളംബിയന്‍ ആരാധകനോപ്പം!!!
പാരമ്പര്യമായി ഒരേ ടീമിനെ തന്നെ പിടിച്ചു വരുന്ന പൊതുസമൂഹ മനസ്ഥിതിയെ എതിര്‍ക്കുന്ന ഇദ്ദേഹം അടുത്ത പ്രാവശ്യവും ഐവറികോസ്റ്റ് തന്നെയായിരിക്കും തന്‍റെ ടീമെന്ന് ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.